തൃശൂർ: എൽഡിഎഫ് സർക്കാരിനു തുടർഭരണം ജനങ്ങൾ സമ്മാനിച്ചതുകൊണ്ടു മാത്രമാണു പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണു വിരാമമായത്. തൃശൂർനിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ്. എല്ലാവരുടെയും സന്തോഷത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1995ൽ 124 ഹെക്ടർ വനഭൂമി ഏറ്റെടുത്തു. 2013ൽ മാസ്റ്റർ പ്ലാൻ തയാറാക്കി. 2016ൽ ആദ്യ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പാർക്കിനു പണം അനുവദിച്ചു.
2018ൽ പാരിസ്ഥിതിക അനുമതി ലഭിച്ചു.
കോവിഡും പ്രളയവും കാരണം പദ്ധതി വൈകിയെങ്കിലും 2025ൽ യാഥാർഥ്യമാക്കാൻ കഴിഞ്ഞു. പാർക്കിനുവേണ്ടി വൃക്ഷങ്ങൾ മുറിച്ചതിനുപകരമായി 25,000 മുളകളും 30,000 വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.പ്രകൃതിക്കിണങ്ങുന്ന സുസ്ഥിരവികസനമാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനംമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനായി. റവന്യു മന്ത്രി കെ. രാജൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ പ്രസംഗിച്ചു.